Saturday, December 18, 2010

യാത്രാ മംഗ’ല്ല്യം’

BTech നു പഠിക്കുന്ന കാലം. Project തകൃതി ആയി NAL ബംഗളൂരില്‍ നടക്കുന്നു. നേതാവും, ഞാന്‍ അടക്കം നാല് സില്‍ബന്ദികളും തലകുത്തി നിന്ന് ചെയ്താലും തീരാത്ത ഒരു ഭീകരന്‍ work ആണ് guide തന്നിരിക്കുന്നത്. വേനല്‍ അവധി മുഴുവനും ബാംഗ്ലൂരില്‍ ആണ് ചിലവിട്ടത്. ചൂട് മാറ്റാന്‍ ധാരാളം സ്ഥലങ്ങള്‍ ഉള്ളതിനാല്‍ ചൂട് അറിഞ്ഞതേ ഇല്ല..! ബ്രിഗേടിലെ ശനിയാഴ്ച വൈകുന്നേരങ്ങള്‍ മാത്രമാണ് വീട്ടിലേക്ക് വരാതിരിക്കാനുള്ള പ്രചോദനം. എങ്കിലും ഒരു ശനിയാഴ്ച 'ത്യജിച്ചു' ആ വെള്ളിയാഴ്ച്ച വൈകുന്നേരം ഞങ്ങള്‍ പാലക്കാട്ടേക്ക് train കയറി.

ഒരേ കൂപ്പയില്‍ ആയിരുന്നു ഞങ്ങള്‍ അഞ്ചു പേരും. പാഴ്സല്‍ മേടിച്ച ആഹാരം എല്ലാം കഴിച്ചു തീരാറായപ്പോഴേക്കും ഒരു ചുരിദാര്‍ സുന്ദരി എന്റെ എതിര്‍ വശത്തുള്ള സീറ്റില്‍ വന്നിരുന്നു. ഞങ്ങള്‍ ഇറച്ചി കണ്ട പട്ടികളെ പോലെ പരസ്പരം നോക്കി. 19 വയസുള്ള പെങ്കോച്ചാണ് എന്നും, ഒറ്റപാലത്ത് ആണ് ഇറങ്ങാന്‍ പോകുന്നത് എന്നുമെല്ലാം chart നോക്കി മനസിലാക്കിയിരുന്നു എങ്കിലും ഇത്ര സുന്ദരി ആയിരിക്കും എന്ന് അതില്‍ എഴുതിയിരുന്നില്ല..!!!

Train വിടാന്‍ നേരം ആയികൊണ്ടിരിക്കുന്നു.. പെങ്കൊച്ചാണെങ്കില്‍ തുരുതുരാ വാച്ച് നോക്കുകയാണ്. ഇതിനിടെ ഒരു തടിമാടന്‍ അണ്ണാച്ചി പെങ്കൊച്ചിരിക്കുന്നതിന്റെ മുകളിലുള്ള ബര്‍ത്തില്‍ കയറി ഉറക്കംപിടിച്ചിരുന്നു. അപ്പോഴാണ്‌ ഒരു ചുള്ളന്‍ ഓടികിതച്ചു ഞങ്ങളുടെ അടുത്ത് വന്നിരുന്നത്. പെണ്‍കുട്ടിയുടെ കണ്ണില്‍ തിളക്കം. ഞങ്ങളിലെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നിരാശയുടെ കമ്പിളി പുതപ്പ് വീണു. ചുമ്മാ അതിനടിയില്‍ കിടക്കാന്‍ പറ്റില്ലല്ലോ..!!! അതുകൊണ്ട് തല മാത്രം പുറത്തിട്ടു വീണ്ടും നര്‍മ സല്ലാപം തുടര്‍ന്നു. ഞങ്ങള്‍ വളരെ decent ആയി അഭിനയിച്ചു. അവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ തമാശിച്ചു കഷ്ടപെട്ടു. ചുമ്മാ ഒരു സുഖം.....!!

ഞങ്ങള്‍ എല്ലാവരും കിടന്നു. ഇവര്‍ മാത്രം താഴെഇരുന്നു സംസാരിക്കുന്നു. ലൈറ്റ്‌ അണച്ചിരുന്നില്ലാ. ഞാന്‍ അവര്‍ ഇരിക്കുന്നതിന്റെ എതിര്‍ വശത്തുള്ള മിഡില്‍ ബര്‍ത്തില്‍ കിടന്നു കൊണ്ട് ചുള്ളനോട് ലൈറ്റ്‌ ഓഫ് ആക്കാന്‍ പറഞ്ഞു. വളരെ ഉത്സാഹത്തോടെ അവന്‍ ലൈറ്റ്‌ ഓഫ് ചെയ്തു. ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു. അതുവരെ ഉള്ള അലച്ചിലും മറ്റും കാരണം വിചാരിച്ചതിലും നേരത്തെ ഉറങ്ങിപോയി. കൊതു കടി കൊണ്ടാണ് പിന്നെ ഉണര്‍ന്നത്. ട്രെയിന്‍ എവിടെയോ നിര്‍ത്തി ഇട്ടിരിക്കുന്നു. സൈഡ് ബര്‍ത്തില്‍ കിടക്കുന്ന എന്റെ രണ്ടു സുഹൃത്തുക്കളും കമിഴ്ന്നുകിടപ്പാണ്. സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ണ് തുറന്നാണ് കിടക്കുന്നത്. എനിക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. പിന്നെ ആണ് സുന്ദരിയുടെ ഓര്‍മ്മ വന്നത്. താഴോട്ട് നോക്കിയപ്പോളാണ് സുഹൃത്തുക്കള്‍ എന്തിന്നാണ് കണ്ണും തുറന്നു കിടക്കുന്നത് എന്ന് മനസിലായത്. അവള്‍ അവന്റെ മടിയില്‍ കിടക്കുകയാണ്. ട്രെയിന്‍ സ്റ്റേഷനില്‍ ആണ്. ഉള്ളില്‍ നല്ല വെളിച്ചം ഉണ്ട്. അനുരാഗ പരവശര്‍ ആയതിന്റെ ലക്ഷണങ്ങള്‍ ആവോളം അവരുടെ രണ്ടു പേരുടെയും മുഖത്തുണ്ട്. ഇരുവരും നിശബ്ദരാണ്. ട്രെയിന്‍ മെല്ലെ അനങ്ങി തുടങ്ങി. വെളിച്ചം കുറഞ്ഞു തുടങ്ങി. തണുപ്പ്കൊണ്ടായിരിക്കും, (വേനല്‍ അവധി ആണ്) ഒരു പുതപ്പിന് കീഴിലാണ് രണ്ടുപേരും. പാതി ഉറക്കം, അവരുടെ ഇരുപ്പ്, എന്റെ ഇമാജിനേഷന്‍ ഇവ എല്ലാം നല്ല കോമ്പിനേഷനില്‍ ആയിരുന്നത് കൊണ്ട് ഉറങ്ങാന്‍ തോന്നിയില്ല. ഇപ്പോള്‍ തന്നെ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. നാളെ അവന്മാര് ചോദിക്കുമ്പോള്‍ എണ്ണിഎണ്ണി പറയാന്‍ ഉള്ളതാണ്. ഇടയ്ക്കിടെ ഉറങ്ങി പോകും. എന്നാലും പാല്‍പായസം കുടിക്കാനോ ഇതുവരെ പറ്റിയിട്ടില്ല. ആരെങ്കിലും കുടിക്കുന്നതെന്കിലും കാണാമല്ലോ എന്നോര്‍ത്ത് കണ്ണുകള്‍ വലിച്ചു തുറന്നു കിടന്നു.

അവരിപ്പോള്‍ activities എല്ലാം നിര്‍ത്തി. walkman ന്റെ ഒരു speaker അവളുടെ ചെവിയിലും മറ്റേ speaker അവന്റെ ചെവിയിലും വച്ച് പാട്ടുകേട്ടുകൊണ്ടിരിക്കുകയാണ്. അവന്‍ ഇടയ്ക്കിടെ പാട്ട് മൂളുന്നുണ്ട്.

ഫൂലോം കാ താരോംകാ സബ് കാ കഹനാ ഹെ...

അവന്‍ ആ പാട്ടിന്റെ സന്ദര്‍ഭവും മറ്റും അവള്‍ക്കു വിവരിച്ചു കൊടുക്കുന്നുണ്ട്.

വേറേതോ പാട്ട് വന്നു. അതും അവന്‍ മൂളുന്നുണ്ട്. ചിലപ്പോള്‍ അവളും. ഇണക്കുരുവികള്‍...

“നീ എങ്ങനാ എന്നെ ഇഷ്ടപെട്ടത്‌? ഞാന്‍ ആണെങ്കില്‍ കറുത്തിട്ട്... നീ ആണെങ്കില്‍ നല്ല ചന്തകാരി.” ചുള്ളന്‍ മെല്ലെ മൊഴിഞ്ഞു...

“എനിക്ക് നിന്നെ ആദ്യമേ ഇഷ്ടമായിരുന്നു... നീ കറുത്തിട്ടൊന്നും അല്ല. ആണുങ്ങള്‍ ആയാല്‍ കുറച്ചു കറുത്തൊക്കെ ഇരിക്കണം. അല്ലാതെ ചത്ത പല്ലിയെപോലെ ഇരുന്നിട്ടെന്താ കാര്യം??” ചുള്ളി..

ഞാന്‍ ഇതെല്ലാം കേട്ട് ചിരി അമര്‍ത്തി കിടക്കുകയാണ്. പഞ്ചാര എന്നോകെ കേട്ടിട്ടെഒള്ളൂ...

“നീ എന്താ വല്ല്യതോതില്‍ ആഭരണം ഒന്നും ഇടാത്തത്?” ചുള്ളന്‍

“ങും.. അതുശരി.. അപ്പോള്‍ ആഭരണം ഉള്ള പെണ്ണിനെയാ നിനക്ക് വേണ്ടത്? എനിക്കും ഉണ്ട് കേട്ടോ..” ചുള്ളി....

“ഒന്നും വേണ്ടന്നേ.. നിനക്കറിയുമോ നിന്റെ ഈ ലോലമായ മാലയാണ് എനിക്കിഷ്ടം....”ചുള്ളന്‍

ചെറിയൊരു മൂളലോടെ സുന്ദരി.. “ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ നിന്റെ ഈ നേര്‍ത്ത മീശ ആണ് എനിക്കിഷ്ടം”...

അത്രയും നേരം തടുത്തു നിര്‍ത്തിയ ചിരി എല്ലാ കടിഞ്ഞാണും പൊട്ടിച്ചു പുറത്തു ചാടി!!! എന്റെ ചിരിയെ തുടര്‍ന്നു അത് പോലെ തന്നെ അമര്‍ത്തി വച്ചിരുന്ന നാല് പേരുടെ കൂടെ ചിരി ട്രെയിനില്‍ മുഴങ്ങി... ഒരു മാല പടക്കത്തിന് തിരികൊടുത്ത പോലെ. മിഥുനങ്ങള്‍ slow motion ല്‍ മേല്‍പ്പോട്ടൊക്കെ ഒന്ന് നോക്കി. അപ്പോഴാണ്‌ എന്ന് തോന്നുന്നു അവര്‍ക്ക് സ്ഥലകാല ബോധം ഉണ്ടായത്. അവര്‍ മെല്ലെ അടര്‍ന്നു മാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരു മിഡില്‍ ബര്‍ത്ത് കൂടെ ഉയര്‍ന്നു. അവന്‍ അതില്‍ കയറി കിടന്നു. അവള്‍ താഴെയും. ഞങ്ങളില്‍ ആരുടെ ഒക്കെയോ ചിരി ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. എപ്പോഴോ ഉറങ്ങീ. രാവിലെ പാലക്കാട്‌ എത്തിയപ്പോഴും, ക്ഷീണം കൊണ്ടായിരിക്കും അവര്‍ രണ്ടു പേരും ഉണര്ന്നിരുന്നില്ല...!!

Tuesday, November 16, 2010

ദാസപ്പന്‍@കരീനകുറ്റി.ഒആര്ജി്

ദാസപ്പന്‍ ഒരുസംഭവം ആണ്. ആ ഗ്രാമത്തിലെ ആകെയുള്ളോരു കവലയിലെ ആകെയുള്ളോരു ചായകടക്കാരനാണ് ദാസപ്പന്‍. വെറുമൊരു ചായക്കട ആണ് എങ്കിലും ഫാസ്റ്റ്‌ ഫുഡ്സ് എന്നറിയപ്പെടാനാണ് ഇഷ്ടപെടുന്നത്. ആസ്ഥലത്തുള്ള ജനസംഖ്യയില്‍ ഒരു അറുപതു ശതമാനം പേരെങ്കിലും അവിടെ വന്നുപോകാത്ത ദിവസമില്ല. ദാസപ്പന്റെ ചായക്കല്ല പോപ്പുലാരിറ്റി. ദാസപ്പന്‍ ചായക്കൊപ്പം വിളമ്പുന്ന ‌‌‍പരിജ്ഞാനത്തിനാണ് പ്രചാരം. അതിനായിനല്ല ഹോം വര്‍ക്കുംദാസപ്പന്‍ ചെയ്യാറുണ്ട്. കടയിലെ ചുമരില്‍ തട്ടിത്തെറിക്കുന്ന എല്ലാ തര്‍ക്കങ്ങള്‍ക്കും അവസാന വാക്ക് ദാസപ്പന്റെതാണ്. കരീനകുറ്റിയുടെ കാര്യമായാലും, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ കാര്യം ആയാലും, ഒബാമയുടെ സന്ദര്‍ശന വിശേഷമായാലും ദാസപ്പന് അഭിപ്രായം ഉണ്ട്. അങ്ങനുള്ള ദാസപ്പനെ കുഴക്കിയൊരു പ്രശ്നം ആ നാട്ടില്‍ ഉണ്ടായീ. അതിനൊരുത്തരം ദാസപ്പന്റെ വിജ്ഞാനാകോശത്തില്‍ ഇല്ലായിരുന്നു.

തെക്കൂന്ന്‍ കുടിയേറിയ ലോനപ്പന്‍ ചേട്ടന്റെ മോളാണ് പ്രശ്നം. പണ്ട് കോഴിക്കോട്ട് ഉള്ളൊരു ഏതോ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് പാസ്സായിട്ടു ഏതോ ഒരു കമ്പ്യൂട്ടര്കാരനെ കെട്ടി അങ്ങ് അമേരിക്കയില്‍ ആണ് താമസം. ഒരു ആറുവയസുകാരി പെങ്കോച്ചും ഉണ്ട് ഇപ്പോള്‍. ഇതൊന്നും ദാസപ്പന് പ്രശ്നം അല്ല.

രാവിലെ പാക്കരേട്ടനാണ് പറഞ്ഞത്‌.

‘ഡാ ദാസപ്പാ... ആ ലോനപ്പന്റെ മോളെ നീ കണ്ടോ?”

“അവരൊക്കെ അങ്ങ് അമേരിക്കയില്‍ അല്ലെ?”

“അവള് രണ്ടു ദിവസം മുമ്പ് എത്തി. ഭര്‍ത്താവു ചെറുക്കനും കൊച്ചുമായീ”

“ഇപ്പോള്‍ എന്താ പ്രശ്നം?”

“അവളിവിടുന്നു അമേരിക്കയില്‍ പോകുന്നത് വരെ നല്ലപോലെ തുണിയൊക്കെ ഉടുതോണ്ട് നടന്നതാ.. ഇപ്പോള്‍ കൈ ഇല്ലാത്ത ഉടുപ്പും കാലില്ലാത്ത നിക്കറും. ഈ കരിനകുറ്റിയില്‍ ഇങ്ങനെ നടന്നാല്‍ ആമ്പിളളാരോക്കെ എന്തോചെയ്യും? നീ പറ ദാസപ്പാ..”

“പാക്കരേട്ടാ, ഞാനത് കണ്ടില്ലല്ലോ”

അവിടെ പരുപ്പുവട കഷ്ടപ്പെട്ട് കടിച്ചോണ്ടിരുന്ന കണാരന്‍ പറഞ്ഞു,” ശരിയാ, ഞാനും ഇന്നലെ കണ്ടിരുന്നു. അവളുടെ കൊച്ചിനെ വേഷം കെട്ടിച്ചിരിക്കുന്നത് കാണണം, അതിലും പഷ്ടാ...”

ഒരു പീഡനം മണത്തുകൊണ്ട് ദാസപ്പന്‍ പറഞ്ഞു “അത് വിട് കാണാരേട്ടാ..., അത് കൊച്ചല്ലേ..പക്ഷെ മറ്റവള്‍ എന്തിനാ ഇങ്ങനെ നടക്കുന്നെ? ഇവിടാണേല്‍ മഴ പെയ്തു നല്ല തണുപ്പും. ചൂടുകാലമാണെങ്കില്‍ കാറ്റ്‌ കയറാനാണ് എന്നെങ്കിലും പറയാം.”

കണാരേട്ടന് പിന്നേം സംശയം. “അല്ല ദാസപ്പാ, ഈ കൈ ഇല്ലാത്ത ഉടുപ്പിടുന്നത്തിന്റെ ഗുണം എന്താ? കസര്‍ത്ത് ചെയ്യുന്നവര്‍ ആണെങ്കില്‍ മസില് കാണിക്കാനാണ് എന്ന് പറയാം. ഇവളിതെന്തിന്റെ പുറപ്പാടാ..?”

ദാസപ്പന് പ്രത്യേകിച്ചൊരു ഉത്തരം പറയാന്‍ പറ്റില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുക ആണ് എങ്കിലും കിളവന്‍ മാരുടെ ഓരോ സംശയമേ...

ദാസപ്പന്‍ ചോദിച്ചു” അല്ലാ, ചേട്ടന്‍ ഉടുപ്പോന്നും ഇടാതല്ലെനടക്കുന്നത്? അത്രക്കൊന്നും അവര് കാണിക്കുനില്ലല്ലോ?”

“ചുമ്മാ കൊതിപ്പിക്കാതെ ദാസപ്പാ”, വാപോളിച്ചാല്‍ ഇറങ്ങി വരുന്ന പല്ല് നാക്കുക്കൊണ്ട് തടുത്തോണ്ട് പാക്കരന്‍ പറഞ്ഞു.

കണാരന്‍ ഒരു വേദാന്തിയെ പോലെ പറഞ്ഞു.” ദാസപ്പാ.. അതൊക്കെ ഒരു തര്‍ക്കത്തിന് വേണ്ടി പറയാം എന്നേ ഒള്ളൂ. ഈ ഓണം കേറാ മൂലയില്‍ കാണിക്കാന്‍ തന്നെയാ.. ഇന്നാപിട്ച്ചോ ഇന്നാപിടിച്ചോ എന്നും പറഞ്ഞോണ്ട് അവളുടെ ഒരു നടത്തം. ഇതൊക്കെ കണ്ടുകവലയില്‍ ആരെങ്കിലും വല്ലോം പറഞ്ഞാല്‍ പിന്നെ അതായീ കേസുകെട്ട് . പിന്നെ ആ ചെറിയ കൊച്ച്, അമേരിക്കയില്‍ പോയീ എന്നുവച്ചോണ്ട് തുണിയില്ലാതെ ഇങ്ങനെ നടത്തിയാല്‍ അതിന്റെ നാണോം മാനോംഒക്കെ പോകും. ലോനപ്പനെ കണ്ടൊന്നു പറയുന്നുണ്ട്.”

“ചേട്ടന് വേറെ പണിയൊന്നും ഇല്ലേ? അവരെങ്ങനെങ്കിലും നടന്നോട്ടന്നേ...തുണിയിട്ടോ തുണിഇടാതോ.. കാശുതന്നെച്ചുപോകാന്‍ നോക്ക്.” ദാസപ്പന്‍ തീര്‍പ്പ്‌ കല്‍പ്പിച്ചു.

എങ്കിലും ദാസപ്പന്റെ മനസ്സില്‍ സംശയം ബാക്കി. ഇവളെന്താ ഇങ്ങനെ നടക്കുന്നേ? ഇതുകൊണ്ട് എന്ത് സുഖമാ? എന്ത് പ്രയോജനമാ? ഫാഷനായിരിക്കും...

“ആ ആമ്പെറന്നോനെങ്കിലും ഇതൊക്കെ പറഞ്ഞു കൊടുത്തൂടെ?” ഇറങ്ങുന്നവഴിക്കു കണാരന്‍ പറഞ്ഞു. പാകരന്റെ മുഖത്തെ ശൃംഗാര ചിരി അപ്പോഴും മാഞ്ഞിരുന്നില്ല.....!!!!

Saturday, November 6, 2010

മാനേ....നിന്നെ തേടിവന്നു ഞാന്‍..... :)


മാനുകള്‍ ........... മൊബൈല്‍ ഫോട്ടോകള്‍ ........

മാനുകളെ കാണാനും അവയെ നോക്കിനടക്കാനും എന്തുരസം.......!!!!!

Saturday, October 16, 2010
ഹരി ശ്രീ ഗണപതയേ നമ:
അവിഘ്ന നമോസ്തൂ.
ശ്രീ ഗുരവേ നമ:Wednesday, October 6, 2010

ഓഫീസും പൊളിറ്റിക്സുകളും..

ഒരു തൊഴിൽ കിട്ടിയാൽ അതിനോടു കൂറുപുലർത്തണം എന്നുള്ളത് തൊഴിൽ ഉള്ളവരേക്കാൾ തൊഴിൽ രഹിതർക്കറിയാം എന്നുതോന്നുന്നു. ഷർട്ടിന്റെ കോളറിൽ അഴുക്കും വിയർപ്പും പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്ന ആത്മവിശ്വാസം മുഖത്ത് ഇടക്കിടെ വരുത്തി കമ്പനികളായ കമ്പനികളിൽ എല്ലാം കയറി ബയോഡാറ്റ കൊടുക്കുന്നവന് ഒരു ജോലിയുടെ വിലയും അതിനോടുപുലർത്തേണ്ട ആത്മാർത്ഥതേയും കുറിച്ചു കൂടുതൽ പറയാൻ ഉണ്ടാകും.

ഇനി ഈ മനുഷ്യന് ജോലി കിട്ടിയാൽ.....

തുടക്കത്തിൽ നേരത്തേ പറഞ്ഞ കൂറിന്റെ ഗ്രാഫ് മേൽപ്പോട്ട്മേൽപ്പോട്ടായിരിക്കും. കൃത്യസമയത്ത് ഡെസ്കിൽ കാണും. മരിച്ചുപണിയെടുക്കും. പണിയെടുക്കാത്തവരെ തികഞ്ഞപുച്ഛത്തോടെ മുഖം വക്രിച്ചു നോക്കും. പണിയെടൂക്കാത്തവരേയും പണിയെടൂക്കുന്നവരേയും വേർതിരിച്ചറിയാനുള്ള വിവേചനബുദ്ധി ഈകാലയളവിൽ വളരെ കൂടൂതൽ ആകും. അങ്ങനെ പണിയെടുക്കുന്നവരുടെ സംഘത്തിൽ അംഗമാകും. കൂട്ടരുടെ അഭിപ്രായങ്ങളൊടു യോജിച്ചുകൊണ്ട് ആദ്യമാദ്യം കൊച്ചുചിരികളും പിന്നീട് പൊട്ടിച്ചിരികളും ആകും. അവരുടെ പരദൂഷണ സദസുകളിൽ അല്പാല്പമായി ആക്റ്റീവ് ആകും. മാസങ്ങൾ കടന്നുപോകുന്തോറും അനുഭവങ്ങൾ കൂടുന്തോറും സ്വന്തം അഭിപ്രായങ്ങൾ ഉണ്ടാകും. അതു തുറന്ന് പറയാനുള്ള ധൈര്യം കൂടും. ആ ധൈര്യത്തിൽ ഇടക്കിടെ ഊറ്റം കൊള്ളും. വിമർശനത്തിന്റെ മൂർച്ചകൂടും. ശത്രുക്കൾ പെരുകും. സവാദങ്ങളും വഴക്കുകളും നിത്യസംഭവം ആകും. വീട്ടിൽ വന്ന് താൻ ശത്രുപക്ഷത്തെ ലീഡറുമായുള്ള വർത്തമാനത്തെ പറ്റി ഉപ്പും മുളകും അല്പം ചിക്കൻ മസാലയും ചേർത്ത് വീട്ടുകാരെ കോൾമയിർ കൊള്ളിക്കും. പലവർഷങ്ങൾ കഴിയുമ്പൊൾ തലപ്പത്തുള്ളവർ കൊഴിയുമ്പൊൾ അങ്ങോട്ട് ചാടികയറും. അങ്ങനെ പണിയെടുക്കാത്തവരുടെ പാളയത്തെത്തും. ഒന്നു കണ്ണടച്ച്, വന്ന വഴി മറക്കും. സുഹൃത്തുകളെ പിണക്കുകാ എന്ന മാനേജ്മെന്റ് തത്ത്വം നടപ്പിലാക്കും. മിത്രം പിണങ്ങിയാൽ പിന്നെ ശത്രുവിനേക്കാൾ കഷ്ടം ആണല്ലൊ..!

അധികം നേരം വേണ്ട... പുതിയ കോക്കസുകൾ... പുതിയ പരദൂഷണ വൃന്ദങ്ങൾ .... അവയേയൊക്കെ അതിജീവിക്കാൻ അധിക്കാര (ദുർ) വിനിയോഗങ്ങൾ.....കുറ്റങ്ങൾ.... ശിക്ഷകൾ..... ഉറക്കക്കുറവ്... ഡിപ്രെഷൻ......

“കുറയുന്നു ബന്ധങ്ങൾ അകലുന്നു മിത്രങ്ങൾ

കുറയുന്നിതായുസും അയ്യോ...”

ഒടുവിൽ വിരമിക്കൽ.... തിരിഞ്ഞുനോക്കുമ്പൊൾ ശൂന്യം..... പരിചയമുള്ളവരും മണി അടിച്ചുനടന്നവർ പോലും മൈൻഡ് ചെയ്യുന്നില്ല... "എന്റെ ആത്മാർത്ഥതയേ ആരും മനസിലാക്കിയില്ല" എന്ന് വീണ്ടൂം മറ്റുള്ളവർക്ക് പഴി....

ഇതു ഓഫീസ് പൊളിറ്റിക്സിന്റെ ഒരു മുഖം.... ഏതെല്ലാം തരത്തിൽ.... ഏതെല്ലാം വിധത്തിൽ.... എവിടെയെല്ലാം കളിയാടുന്നു.....? ഇതില്ലാതാക്കാൻ എന്താ ഒരു വഴി..??

നിങ്ങൾ പറയു.....

Sunday, September 12, 2010

ആത്മഗതം

വലിയ ഗായകൻ എന്നു കരുതിയിരുന്ന ഞാൻ സംഗീതം പഠിച്ചതോടെ പാടുന്നതു നിർത്തി..
വലിയ എഴുത്തുകാരൻ എന്നു കരുതിയിരുന്ന ഞാ‍ൻ വായിക്കാൻ തുടങ്ങിയതോടെ എഴുത്തും നിർത്തി...
ഇനി ഞാൻ ആരാന്നാ സ്വയം കരുതേണ്ടത്?? താൻ ആരുവാ??? ആ........!!!!!

ഇതൊന്നുമല്ലാതെ അഹങ്കരിക്കാൻ വേറെ വകുപ്പുവല്ലതും ഉണ്ടോ എന്നു നോക്കട്ടെ... എന്നോടാ കളി...

Wednesday, August 18, 2010

കണ്ടതും കേട്ടതും: അവിട്ടം ദിന പ്രത്യേക പരുപാടികൾ

കണ്ടതും കേട്ടതും: അവിട്ടം ദിന പ്രത്യേക പരുപാടികൾ: "വല്ലാത്ത മൂത്ര ശങ്ക. നല്ല ദാഹവും പരവശവും ഉണ്ട്. ആദ്യം വെള്ളം കുടിക്കണൊ അതോ മൂത്രം ഒഴിക്കണൊ? ആകെ സംശയം. മൂത്രം ഒഴിക്കുക തന്നെ. തട്ടുതടു..."

Tuesday, August 17, 2010

അവിട്ടം ദിന പ്രത്യേക പരുപാടികൾ

വല്ലാത്ത മൂത്ര ശങ്ക. നല്ല ദാഹവും പരവശവും ഉണ്ട്. ആദ്യം വെള്ളം കുടിക്കണൊ അതോ മൂത്രം ഒഴിക്കണൊ? ആകെ സംശയം. മൂത്രം ഒഴിക്കുക തന്നെ. തട്ടുതടുത്താലും മുട്ടുതടുക്കരുത് എന്നാണല്ലോ പ്രമാണം. ഞാൻ വേഗം നടന്നു. ഒരു ഒഴിഞ്ഞ ഇടം - ഒരു മതിലൊ, മരമൊ, ഒരു അരഭിത്തി എങ്കിലും പ്രതീക്ഷിച്ചു. ഇതൊരു മരുഭൂമിപോലെ നീണ്ടുപരന്നു കിടക്കുകയാണല്ലോ ഈശ്വരാ ദാഹിക്കുകയും ചെയ്യുന്നു. മരുഭൂമി എന്ന് ഓർത്തതേയുള്ളൂ, ഒരു കള്ളിമുൾചെടി ! എന്നാൽ അതിനു അല്പം ലവണജലം നൽകാം. ഒഴിക്കാൻ തുടങ്ങിയതാണ്. ഛെ, ഒരു പറ്റം നാരിജനങ്ങൾ. വീണ്ടും മുന്നോട്ടു നടന്നു. ഇടവഴികൾ കാണുന്നുണ്ട്, പക്ഷെ എല്ലായിടത്തും ആളുകൾ. ബ്ലാഡർ പൊട്ടി ചാകുന്ന ആദ്യത്തെ മനുഷ്യൻ ആകുമോ ഞാൻ? ആകാതിരിക്കട്ടെ! തെണ്ടിപിള്ളാര്, പബ്ലിക് ടാ‍പ്പിൽ നിന്നു വെള്ളം പിടിക്കുന്നു. സഹിക്കാൻ വയ്യല്ലോ ങാ..! അവിടെ ഒരു മറവുണ്ട് അങ്ങോട്ടു ചേർന്നു നിന്നു. ഒഴിക്കാൻ പറ്റുന്നില്ലല്ലൊ……

അയ്യോ ഞാൻ ചാടീഎഴുന്നേറ്റു. ഭാഗ്യം കിടക്ക നനഞ്ഞില്ല ഓടി ടോയ്ലെറ്റിൽ കയറി കാര്യം സാധിച്ചു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം രാത്രി മൂന്നര! ആകെ വിയർത്തുകുളിച്ചിരിക്കുന്നു. നെറ്റിക്കുചുറ്റും ഒരു വേദനയും. വെള്ളം വച്ചിരുന്ന ജാർ മുഴുവനായ് വായിലോട്ട് കമഴ്ത്തി. ഫാനിന്റെ സ്പീഡ് വീണ്ടും കൂട്ടി. എന്താ സംഭവിച്ചതെന്ന് ആലോചിക്കാൻ ഒരു ശ്രമം നടത്തി. രാത്രി എപ്പോഴാ ഉറങ്ങിയത്? ഓ. ഇന്നലെ തിരുവോണം ആയിരുന്നല്ലൊ. തിരുവോണ പാർട്ടി കഴിഞ്ഞ് ബെഡിൽ വന്നുചാഞ്ഞത് ഓർമ്മയേഇല്ലാ. ഇന്നലെ എത്രണ്ണം കയറ്റികാണും?? മൂന്ന്? നാല്?? അല്ല അഞ്ചണ്ണം!!!! ചുമ്മാതല്ലാ ഈതലവേദന. പിന്നേം വിയർക്കുന്നല്ലോ വയറ്റിനകത്താണെങ്കിലാകെ ഒരു ആന്തൽ !! വാളുവെക്കുമോ?? ചക്രവർത്തി ആകുമോ? മനുഷ്യശരീരത്തിൽ ഗുരുത്വാകർഷണബലത്തിനെതിരാ‍യി നടക്കുന്ന എതാനും ചില സംഗതികളിൽ ഒന്ന്!! ദാ വരുന്നു, അല്ല, വന്നൂ. വീണ്ടും ടൊയിലെറ്റിലോട്ട് ഓണപൂക്കളം. ക്യാരറ്റിന്റെ ചുമപ്പ്, വെള്ളരിയുടെ വെളുപ്പ്, ചിക്കന്റെ ബ്രൌൺ ജോർ ഓണം ഗംഭീരം. നിവർന്നുനിൽക്കാൻ ത്രാണിയില്ലാതെ വായും മുഖവും കഴുകി വേച്ചുവേച്ച് വന്ന് കിടക്കയിൽകിടന്നു. ഭാര്യയും മക്കളും നല്ല ഉറക്കം. എനിക്കാണങ്കിൽ ഉറക്കവും വരുന്നില്ല. കിടക്കയിൽ നടത്തിയ ഉരുളൽ ഏതെങ്കിലും അമ്പലത്തിൽ ആയിരുന്നെങ്കിൽ രണ്ട് റൌണ്ട് ശയനപ്രദക്ഷിണം ആയേനെ. വീണ്ടും ഉറങ്ങാൻ ശ്രമിച്ചെങ്കിലും മയങ്ങാൻ മാത്രമേ കഴിഞ്ഞുള്ളൂ. എപ്പഴോ ഉറങ്ങി. എണീറ്റപ്പോൾ സമയം ഏഴ്. വല്ലാത്ത തലവേദന. ഹാങ്ങോവറിനു ആസ്പിരിൻ ഗുളിക നല്ലതാണത്രേ.. രണ്ട് ഡിസ്പിരിൻ ഗുളിക വെള്ളത്തിലിട്ട് ഒരു പിടിപിടിച്ചു. അടുക്കളയിൽ ശബ്ദകോലാഹലം. സഹിക്കുന്നില്ല! ഡിസ്പിരിൻ ചികിത്സയും വയറിനു പിടിച്ചില്ല. അതും പുറത്തേക്കു മാർച്ച് ചെയ്തടുക്കുന്നു. എത്ര ഒതുക്കീട്ടും ഓക്കാനത്തിന്റെ ശബ്ദം പുറത്തു വന്നു. ആടുക്കളയിൽ നിന്നും ഒരു പൊട്ടിച്ചിരിയുടേയും. കിടക്കയിലോട്ടുമറിഞ്ഞു.

പിന്നെ ഉണർന്നത് പന്ത്രണ്ട് മണിക്കാണ്. ചെറിയൊരു ഉന്മേഷം തോന്നുന്നു. തലവേദനക്കും കുറവുണ്ട്. തലയിൽ നിറയേ എണ്ണതേച്ചൊരു കുളിപാസാക്കി. കണ്ണാടിയിൽ മുഖം കണ്ടപ്പൊൾ എനിക്കു തന്നെ പേടിയായി. ആകെ തൂങ്ങിയിരിക്കുന്നു. തിരുവോണത്തിനവധിയില്ലാത്ത പത്രം ടീപോയിൽ കിടക്കുന്നു. തിരുവോണത്തിനു കേരളം കൂടിച്ചത് 400 കോടിയുടെ മദ്യം ആണത്രേ.. !!

ഛെ, മോശം!! അതിൽ ഞാൻ കുടിച്ചതും പെടുമല്ലൊ എന്നോർത്തപ്പോൾ വല്ലത്തൊരു കുറ്റബോധം. അടുത്ത പേജിൽ തന്നെ എഴുതിയിരിക്കുന്നു രണ്ട് പെഗ് ആകാം എന്ന്. പാവം കുടിയന്മാർ!!! ഈ ഒരു prescription കിട്ടിയാൽ എവിടെ വേണമെങ്കിലും തർക്കിക്കാമല്ലോ.. ജലദോഷത്തിന്, വയറ്റിളക്കത്തിന്, മുടിനരക്കുന്നതിന് എന്നുവേണ്ടാ എല്ലാത്തിനും ഉള്ള ഒറ്റമൂലിഅല്ലെ ഇവൻ..?? ഇതുകഴിക്കുന്നവർക്ക് മുടിനരക്കില്ലത്രെ!! കാരണം മുടിനരക്കാൻ പ്രായം ആകുന്നതിനു മുമ്പ് തന്നെ തട്ടിപോകും!!!!!!! എന്റെ ആദർശബോധം ആളികത്തി. ഞാൻ ഇനി കുടിക്കില്ല!! ഹോ എന്തായിരുന്നു ഇന്നലെ. ഓർക്കാൻ പോലും വയ്യ!. കാളരാത്രി എന്നു പറഞ്ഞാൽ മതിയല്ലൊ!

അങ്ങനെ അവിട്ടം കഴിഞ്ഞു. ചതയവും. ഇപ്പോഴും തിരുവോണ രാത്രി ഓർക്കുമ്പൊൾ തന്നെ ശർദ്ദിക്കാൻ വരുന്നു. ദിനരാത്രങ്ങൾ കടന്നു പോയി. ഒരു ചാറ്റമഴയുള്ളോരു സായാഹ്നം. തണുത്ത, നനുത്ത കാറ്റ് മുഖത്തടിക്കുമ്പൊൾ മനസ്സ് എന്തിനോ വേണ്ടി വെമ്പുന്നു. ഫോൺ ബെല്ലടിച്ചു.

“മാഷേ, എന്താപരുപാടി ?”

“ചുമ്മാ ഇരുപ്പാ”

“വല്ലാത്തൊരു alcoholic climate, എന്തെങ്കിലും വകുപ്പുണ്ടൊ? ഇവിടാരും ഇല്ലാ”

“വകുപ്പൊക്കെ നമുക്കുണ്ടാക്കാം, ക്യൂ വിന്റെ വലുപ്പം പോലിരിക്കും. എന്തായാലും ഒരു മണികൂറിനുള്ളിൽ എത്താം”

വേഗം dress ചെയ്തു. പേഴ്സിൽ പൈസയുണ്ടെന്ന് ഉറപ്പ് വരുത്തി. ബൈക്കിൽ കയറി start ചെയ്തു. Helmet മറക്കാതെ തലയിൽ വച്ചു. നിയമ ബോധം ഉള്ളൊരു പൌരൻ!!! പിന്നെ പിള്ളേരു കാണരുതല്ലൊ!!! അന്ന് ആളികത്തിയ ആദർശം കെട്ടടങ്ങാനുള്ള സമയം ആയല്ലൊ, ഇനി എന്തിനമാന്തം?? ക്യൂവിന്റെ അറ്റം തേടിയുള്ള യാത്ര പുനഃരാരംഭിച്ചു.

Note: ഇതൊരു സംഭവ കഥ അല്ല. സാദൃശ്യങ്ങൾ തികച്ചും മനഃപൂർവ്വം!!!!!

Wednesday, July 28, 2010

കാശിതള്ളയും തമ്പ്രാനും..

ആ സ്ത്രീയെ എല്ലാവരും കാശിതള്ളേ എന്നാണ് വിളിക്കുക. ഏതാണ്ട് എഴുപതോളം പ്രായം വരും. മുടിമുഴുവനായി നരച്ചിട്ടില്ല. കൂനുള്ളതുകൊണ്ട് കൈ കാൽമുട്ടിൽ താങ്ങിയാണ് നടക്കാറ്. ഒറ്റക്കാണ് ജീവിതം. ഭർത്താവിനേയൊ മക്കളേയൊ ഒന്നും അവിടെ എവിടേയും കണ്ടിട്ടില്ല. കൂട്ടിനായുള്ളത് നാല് പശുക്കൾ മാത്രം. രാവിലേയും വൈകുന്നേരവും സമീപത്തുള്ള കോളനികളിലെല്ലാം പാലുവിറ്റാണ് ഉപജീവനം. വെളുപ്പിനെ ആറ് ആറര ആകുമ്പൊൾ അവർ ഒരു പ്ലാസ്റ്റിക് ബാഗിൽ പാൽ നിറച്ച കുപ്പികളുമായി വേച്ചു വേച്ചു നടന്നു തുടങ്ങും. ഇതുപോലെ വൈകുന്നേരവും നാലുമണിയോടെ അവരെ പാലും കൊണ്ട് വരുന്നതു കാണാം.

ഏതെങ്കിലും വീട്ടുകാർക്കുകൂടുതൽ പാലാവശ്യം ഉണ്ടെങ്കിൽ കാശിതള്ള പറയും ഞാൻ തമ്പ്രാ‍ന്റടുത്തുനിന്നു വാങ്ങിതരാം. ഈ തമ്പ്രാനും കാശിതള്ളയെ പൊലെ ഏകാന്തവാസം ആണ്. ഉപജീവനമാർഗ്ഗം പശുവും പാലും ചാണകവും ഒക്കെ തന്നെ. പ്രായവും എഴുപതൊളം വരും. ഭാര്യയെകുറിച്ചൊ മക്കളെ കുറിച്ചോ നാട്ടുകാർക്കാർക്കും ഒരുവിവരവും ഇല്ല. ആരെങ്കിലും ചോദിച്ചാൽ തന്നെ ‘ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം മക്കളെ’ എന്നു ദീർഘനിശ്വാസത്തോടെ ചോദിക്കും.

കാശിതള്ളയുടെയും തമ്പ്രാന്റെയും പശുക്കൾ ഒരുമിച്ചാണ് പറമ്പിലും പാടത്തും ഒക്കെ മേയാൻ പോകുന്നത്. അതിന്റെ അടുത്ത് ഏതെങ്കിലും മരത്തണലിൽ ഇവർ ഒരുമിച്ചുസംസാരിക്കുന്നതൊരു പതിവുകാഴ്ചയാണ്. മഴയാണെങ്കിൽ കുടയും പിടിച്ചിരുന്നാണ് സംസാരം. ലോകംതന്നെമറന്നുള്ളസംസാരം ആണ് എന്നു തോന്നിപോകും. ഒരാളുടെ പല്ലില്ലാത്തമോണയും മറ്റേആളുടെ ഒരുപല്ലുമാത്രം തൂങ്ങിയ മോണയും കാട്ടി ആർത്തുല്ലസ്സിച്ചു ചിരിക്കുന്നതുകാണാം പലപ്പോഴും. ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വാങ്ങിയും കൊടുത്തും ഊണുകഴിക്കുന്നതുകാണാം.

ഇവർ തമ്മിൽ ഉള്ളബന്ധം എന്തായിരിക്കും??

ഇവർ തമ്മിൽ എന്തായിരിക്കും സംസാരിക്കുന്നത്?

എന്നുമുതൽ ആണ് ഇദ്ദ്യേഹം കാശിതള്ളയുടെ തമ്പ്രാൻ ആയത്?

വായാടിയുടെ പോസ്റ്റിൽ പറഞ്ഞപോലെ ജീവിതസായാഹ്നത്തിൽ പരസ്പരം അത്താണികൾ ആകുകയാണൊ?

ഈ നശിച്ച (?) സമൂഹത്തെ ഭയന്നണൊ അവർ പണ്ട് കല്ല്യാണം കഴിക്കാതിരുന്നത്, ഒരുമിച്ചു ജീവിക്കാതിരുന്നത്?

ഒരുപാടൊരുപാടു ചോദ്യങ്ങൾ ഉണ്ടാകും അവരുടെ സൌഹൃദം കാണുമ്പൊൾ..

Thursday, July 15, 2010

അങ്ങനേയും ഒരു വെള്ളിയാഴ്ച..


ഒരു വെള്ളിയാഴ്ച ഉച്ചക്കാണു അതു സംഭവിച്ചത്. ജീവിതത്തിൽ പലപ്പോഴും ഓർത്തുചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഈ സംഭവം ഉപകരിച്ചിട്ടുണ്ട്. എഞ്ചിനീയറിങ്ങിനു ചേർന്ന ആദ്യവർഷം. ആദ്യനാളുകളിൽ റാഗിങ്ങിന്റെ ഭീകര കഥകൾ ചുറ്റും പറന്നു നടക്കുന്നു. ക്ലാസിനു വെളിയിലിറങ്ങി നടക്കാൻ തന്നെ ഭയം. അങ്ങനെ ആദ്യത്തെ ഒരാഴ്ച തള്ളി നീക്കി. നേരത്തെ പറഞ്ഞ പോലെ ഒരു വെള്ളിയാഴ്ച ഉച്ചക്ക് കോളേജ് cooperative store ൽ പോയി ഇറങ്ങുമ്പൊളാണ് പ്രതാപശാലികളായ ‘ചേട്ടന്മാർ’ പിടിച്ചത്. കണ്ടാൽ നീർക്കോലിയെ പോലുള്ളോരു കക്ഷി കണ്ണുരുട്ടികൊണ്ട് ചോദിചൂ എന്താടാ ഒരു മൈൻഡ് ഇല്ലാത്തത് ……….. മോനേ

അമ്മച്ചീ.. എനിക്കൊരു സ്നഗ്ഗി കെട്ടിത്തന്നിരുന്നെങ്കിൽ എന്നാശിച്ചുപോയീ

എനിക്കു മനസിലായി എന്റെ നമ്പർ സമാഗതം ആയീ എന്ന്..

എന്താടാ നിന്റെ പേര്?

വേണുഗോപാൽ

അപ്പോൾ നീ ഒരു flutist ആണല്ലെ??

നിശബ്ദം..

ഞങ്ങൾ നിൽക്കുന്നതു കോളേജിന്റെ portico യിൽ ആണ്. ഏതാണ്ട് 5 പേർ കാണും എന്റെ ചുറ്റിനും.

നിനക്കു ഭയങ്കര മസിൽ ആണല്ലോടാ. നീ push-up അടിക്കുമൊ??

ഇല്ല ചേട്ടാ.

ഇവൻ ആളൊരു ബഹുമാനി ആണല്ലൊ.. അതുകൊണ്ട് ഒരു 10 push-up ഇവിടെ ഒന്നടിച്ചേ..

ഞാൻ push-up അടികാൻ തുടങ്ങീ.. അവർ എണ്ണി തന്നൂ..

(ഹോ.. അത്രയെങ്കിലും ചെയ്തു തന്നല്ലൊ ചേട്ടന്മാർ)

അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പാവം ചേട്ടന്മാരും ചേച്ചിമാരും ‘സഹതാപത്തോടെ’ പരിഹസിച്ചിട്ടു പോയീ

ശരീരത്തിലെ സർവ്വ രക്തവും മുഖത്തേക്കു ഇരച്ചു കയറുന്നപോലെ തോന്നി. മുട്ടുവിറക്കുന്നുണ്ടോ എന്നൊരു സംശയം..

ചേട്ടന്മാർ വീണ്ടും ആക്രൊശിചൂ..

നീയെന്താടാ മുടി ഇങ്ങനെ പറ്റവെട്ടിയിരിക്കുന്നെ, ഭ്രാന്താശുപത്രിയിൽ നിന്നാണോ വരുന്നെ?

ഉത്തരം തൊണ്ടയിൽ ഭയമുള്ളിൽ കുടുങ്ങി കിടന്നു..

നിനക്കു സല്യൂട്ട് അടിക്കാൻ അറിയാമൊ?

അറിയാം..

എന്നാലൊന്നടിച്ചേ……. സല്യൂട്ട്..

ഞാൻ സല്യൂട്ട് അടിചു അതവർക്കങ്ങു ബോധിചു..

അവർ എല്ലാവരും കൂടെ എന്നെ കോളെജിനു മുൻപിൽ ഉള്ള flag-post ന്റെ പൊക്കി കെട്ടിയ തറയിൽ കയറ്റി നിർത്തി.

അതിനിടെ മൂന്നാം നിലയിലേക്കൊന്നു പാളി നൊക്കിയപ്പോൾ ഒരു സഹോദരി നിന്ന് dance കളിക്കുന്നു. പ്രോത്സാഹിപ്പിച്ചുകൊണ്ട് ചേട്ടന്മാർ !!

Main gate നേരെ ഉള്ള flag-post നുതാഴെ എന്നെ പ്രതിഷ്ഠിച്ചു..

Gate കടന്നു ഓരോ തരുണീമണീകൾ വരുമ്പൊഴും ഒരു ചേട്ടൻ അവരുടെ പേരു വിളിക്കും , മറ്റേ ചേട്ടൻ എന്നോടാജ്ഞാപിക്കും .. സല്യൂട്ട്..

ഞാൻ അറ്റെൻഷനിൽ നിന്നു അവർക്കു സല്യൂട്ട് കൊടുക്കും..

അവരു പോയി കഴിയുമ്പൊൾ order command തരും. എതാണ്ട് 20 മിനിറ്റോളം എന്റെ സല്യൂട്ട് സ്വീകരിച്ചു ധാരാളം സുന്ദരിമാർ കോളേജിലേക്കു കടന്നു വന്നു. അവരുടെ ഒക്കെ ഒരു ഭാഗ്യം പിന്നെ first year ആയിട്ടും സുന്ദരിചേച്ചിമാരുടെ പേരും ഇരട്ട പേരും അറിഞ്ഞതു എന്റെ ഭാഗ്യം ആണ് എന്നു അന്നു എന്റെ ക്ലാസ്സിലെ ആൺ സുഹ്രുത്തുക്കൾ പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു. പാവം ഞാൻ ആശ്വസിക്കുകയും ചെയ്തൂ..

പക്ഷെ നാലുമണിക്ക് ക്ലാസ്സ് കഴിഞ്ഞിട്ടും എന്റെ വിറയൽ മാറിയിരുന്നില്ലാ.

Sunday, July 11, 2010

നീരാളി മാപിനികളെ നന്ദി…

ന്നു ഫുട്ബോൾ മാമാങ്കം തീരും. ഇത്തവണ ലോക കപ്പ് ഫുട്ബോൾ ഒരു മാതിരിപ്പെട്ട എല്ലാ കേരളീയരും ആസ്വദിച്ചൂ. രാത്രി മുഴുവൻ കളികണ്ട് നേരം വെളുത്തു അഭിപ്രായം പറയാൻ ത്രാണിയില്ലാത്ത യഥാർത്ഥ പ്രേമികളും രാത്രി മുഴുവൻ കിടന്നുറങ്ങി രാവിലത്തെ ചായക്കൊപ്പം പത്രംതിന്നു ഘോരഘോരം അഭിപ്രായം പറയുന്ന പ്രേമികളും കളി ആസ്വദിച്ചു. മാതൃഭൂമിയും മനോരമയും എന്തിന്, ദേശാഭിമാനി വരെ വായച്ചു കളിവിവരണം നൽകുന്ന ആസ്വാദകർ ചർച്ചകളിൽ മുൻപന്തിയിൽതന്നെ ആയിരുന്നു. ഓഫ്സൈട് എന്തെന്നറിയാത്ത ഞാൻ പോലും ചർച്ചകളിൽ വിസിലുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നു. മെസിയെയും ക്ലോസിനെയും നിശിതമായി വിമർശ്ശിച്ചു. മറഡോണയെ പറ്റിയും കുറ്റം പറഞ്ഞു.

ഹൊ.. എന്തൊരു ആശ്വാസം

ന്നാലെങ്കിലും ഇവന്മാരു നന്നായി കളിക്കുമൊ അതുമില്ല

നിനമുക്കു 2011 ജൂലൈ മാസത്തെ കുറിചു ചിന്തിക്കാം..

കേരളീയന് ഈ 2010 ലോക കപ്പ് കൊണ്ട് എന്തു പ്രയോജനം..??

ധനാകർഷണ ഭൈരവ യന്ത്രത്തിന്റേയും വെറ്റിലജ്യോതിഷത്തിന്റേയും ഒക്കെ താഴെ ഒരു 2 x 3 പരസ്യം.

നീരാളിപ്രവചനം

വിദ്യാലാഭത്തിനും, ധനലാഭത്തിനും തകർന്ന ദാമ്പത്യബന്ധം ശരിയാക്കി എടുക്കാനും, ലൈംഗിക സംതൃപ്തിക്കും ( നീരാളിക്കു ധാരാളം കൈ/കാൽ ഉള്ളതുകൊണ്ടും അതിന്റെ പ്രജനനശേഷികൊണ്ടും ഒന്നും അല്ലാ അതിന്റെ പ്രവചന ശേഷി കൊണ്ടാണ്) എല്ലാം നീരാളിപ്രവചനം.

ജെർമനിയിൽ നിന്നും നേരിട്ടു കൊണ്ടുവന്ന നീരാളി

ജെർമൻ breed നീരാളി..

ജെർമൻ cross നീരാളി

ഇതിൽ diploma, doctorate എടുത്ത ജ്യോതിഷിമാർ

എന്നുവേണ്ട തൊഴിലില്ലാത്ത എല്ലാ കേരളീയർക്കു പയറ്റാനും അവശർക്കു പറ്റിക്കപ്പെടാനും പറ്റിയ ഒരു സാധനം..

നല്ലജോലി ഉണ്ടയിരുന്നവർ അതു കളഞ്ഞും ഭീകര സമ്പാദ്യം ഉണ്ടാക്കിയേക്കവുന്ന ഒരു സാധനം..

വളകളിൽ പിടിപ്പിച്ചഗ്ലാസ്സ് വച്ചു നോക്കിയിരുന്ന കണ്ണു ഡോക്ടറുടെ അടുത്ത് computerized vision tester ഉണ്ടൊ എന്നു ആരായുന്നപോലെ.. ആൽത്തറയിലെ കുട്ടപ്പൻ ചേട്ടന്റെ ചായകടയിൽ grilled chicken ഉണ്ടൊ എന്നു ചോദിക്കുന്നപോലെ കവടി കൊണ്ട് ജീവിക്കുന്ന ജ്യോത്സ്യന്റെ പക്കൽ നീരാളിയുണ്ടൊ എന്നു ചോദിക്കുന്ന അവസ്ത വിദൂരമല്ലാ എന്നു ഞാൻ ഇതിനാൽ പ്രവചിച്ചു കൊള്ളുന്നൂ‍.. ഡും ഡും ഡും ഡും………

ഹൊ.. എന്റെ കൈയിലെ birth stone ന്റെ താഴ്വശം വല്ലാതെ ചൊറിയുന്നു.. അഴുക്കായിരിക്കും.....

Thursday, July 1, 2010

Technical ശ്രോതാക്കൾ‌....

ഞാൻ പാട്ടു പാടുന്നതു നിർത്തി………

സംഗീതത്തിന്റെ പരമായ ലക്ഷ്യം ആസ്വാദനം ആണ്. എത്രത്തോളം അവനവനും സദസ്സിനും ആസ്വദിക്കാനും ആസ്വദിപ്പിക്കാനാവും ആകും എന്നതാണ് ചിട്ടയോടുള്ള സംഗീത പഠനം കൊണ്ടുള്ള ഉദ്ദേശ്ശ്യം. പണ്ടൊക്കെ ആരെങ്കിലും ഒരു പാട്ടു പാടൂ എന്നു പറഞ്ഞാൽ അധികം ശങ്ക ഒന്നും കൂടാതെ പാടാമായിരുന്നൂ. ഈയിടെ ആയി അങ്ങനെ എപ്പോഴെങ്കിലും പാടുന്ന അവസരത്തിൽ ശ്രോതാക്കൾ മിക്കവാറും ആസ്വദിക്കുന്നതിനേക്കാൾ ഉപരി analyze ചെയ്യാൻ ശ്രമിക്കുന്നതായാണ് തോന്നുകാ. പാടിക്കഴിഞ്ഞാൽ മിക്കവാറും പറയുക, lower octave ൽ breath കിട്ടിയില്ലാ, upper range ൽ flat ആയീ, voice husky ആയി പാടിയിരുന്നെങ്കിൽ നന്നായേനെ, ഇങ്ങനുള്ള ഏതെങ്കിലും സ്റ്റാർ‌ സിങ്ങർ വാക്കുകൾ ആയിരിക്കും. അതിലും വല്ല്യ കേമന്മാർ ഈപാട്ടിന്റെ രാഗം എന്താ മാഷെ, ഈ രാഗത്തിലുള്ള വേറെ പാട്ടുകൾ വല്ലതും അറിയാമൊ എന്നൊക്കെ ആകും ചോദിക്കുകാ. നന്നായിരുന്നടൊ കൊള്ളാം.. എന്നു പറയുന്നവർ വളരെ ചുരുക്കം.

എന്റെ പൊന്നു സുഹൃത്തേ, എന്നെ പിന്നെ എന്തിനാ വിളിച്ച് പാടിച്ചേ? നിങ്ങളീ പറഞ്ഞ സാധനങ്ങൾ എല്ലാം പരിശീലിച്ചു സ്റ്റാർ സിങ്ങറൊ ഗന്ധർവനൊ ഒന്നും ആകാൻ എനിക്കു പറ്റില്ല, എനിക്കൊട്ടു സൌകര്യവും ഇല്ലാ എന്നു വിളിചു പറയാൻ തോന്നും. പിന്നെ അതിന്റെ upper range ൽ voice shrill ആയെന്നോ, dialect clear ആയില്ലെന്നോ മറ്റോ പറഞ്ഞാലൊ എന്ന ഭയത്താൽ മിണ്ടാറില്ല.

അതുകൊണ്ടു ഞാൻ പാട്ടു നിർത്തി.

Saturday, June 26, 2010

എനിക്കിഷ്ടപ്പെട്ടൂ ഈ ലോകം

ഈ കൂട്ടായ്മക്ക് ഒരു രസം ഉണ്ട്. Orkut നേ കാളും Facebook നേ കാളും. Tweeter നെ കുറിച്ചെനിക്കറിയില്ല. ഞാനൊരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണിത്. എന്നിരുന്നാലും ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള പ്രോത്സാഹനങ്ങൾ, പ്രചോദനങ്ങൾ…… ആകെപ്പാടെ ഒരു സുഖമുണ്ട്.

കലാ രംഗത്ത് ഒരു പക്ഷെ, രാഷ്ട്രീയ രംഗത്തോളം കിടപിടിക്കുന്ന കുതികാലുവെട്ടും കുത്തിത്തിരുപ്പുകളും സർവ്വസാധാരണം ആണ്. എന്നാൽ ഇവിടെ ആർക്കും ആരോടും അസൂയയും ഇല്ല, മത്സരവും ഇല്ല.

ഓരോ post ചെയ്തുകഴിഞ്ഞും സുഹൃത്തുക്കളുടെ comments കാണാൻ കൊതിച്ചിരിക്കുക

കൊച്ചുകൊച്ചു അഭിനന്ദനങ്ങൾ, കൊച്ചുകൊച്ചു നിർദ്ദേശങ്ങൾ കാത്തിരിക്കുക.

ഇത്രയൊക്കെയേ പലരും ആഗ്രഹിക്കുന്നുള്ളൂ

തിരക്കുകൽക്കിടയിൽ ഒളിച്ചിരിക്കുന്ന സമയത്തെ വലിച്ചുനീട്ടി ചെയ്യുന്ന പല post കൾക്കും മലഞ്ചെരുവിലെ rest-house കളിൽ ഇരുന്നെഴുതുന്നവയോളം തന്നെ ഭംഗിയും ഉണ്ട്.

എനിക്കിഷ്ടപ്പെട്ടൂ ഈ ലോകം.

ഇതൊന്നും മാറ്റി പറയാൻ ഇട വരാതിരിക്കട്ടെ !!!

Friday, June 25, 2010

എനിച്ചും ബ്ലോഗണം

നിക്കൊരു ബ്ലൊഗ് തുടങ്ങണം സാർ, ഏങ്ങിനാ അതൊന്നു നടപ്പിലാക്കുക? ഒരുപാടു ശ്രമിച്ചൂ. പക്ഷെ അതൊരു ബാധ്യത ആയിതീരില്ലെ എന്നൊരു സംശയം. എനിക്കൊന്നിനും സമയം കിട്ടുന്നില്ല, എന്നൊരു ജാഡ ഭാര്യയോടു ഇനി പറയാൻ പറ്റിയില്ലെങ്കിലോ?

പാടികൊണ്ടിരുന്ന കവിത പാതിയിൽ നിർത്തി കണ്ണാടിയുടെ മുകളിലൂടെ എന്നെ ഒന്നു നോക്കി. അനിയാ, ഞാൻ തന്നെ ബ്ലൊഗോമാനിയാ പിടിച്ചു ഉഴറുകാണിപ്പൊൾ. എല്ലാവരും വായിച്ചേ തീരൂ എന്നൊരു മോഹമുണ്ടെങ്കിൽ രണ്ടു വഴിയുണ്ട്. ഒന്നുകിൽ ഒരു സ്ത്രീയുടെ പേരുവച്ചു അല്പം A-certificate ചേർത്തു എഴുതണം. ഇല്ലെങ്കിൽ മാന്യമായി, സരസമായി എഴുതണം.

ശിഷ്യന്റെ സംശയം വർധിച്ചു. അല്ല സാർ, എനിക്കു എഴുതാനും വായിക്കാനും വല്ല്യ കഴിവില്ലാ എന്നാ അണ്ണൻ പറഞ്ഞത്. അപ്പൊ പിന്നെ എങ്ങിനാ സാർ..??

എന്റെ ശിഷ്യാ, ഹോമിയോ മരുന്നു കഴിക്കുന്നപോലെ ആഹാരത്തിനു മുമ്പും ആഹാരത്തിനു ശേഷവും ഈരണ്ടു ബ്ലൊഗ് വച്ചു നോക്കുന്ന എന്നോടാണൊ ഈ പറയുന്നതു?? ഓരൊ ബ്ലൊഗ് വായച്ചു ഞാൻ നെഞ്ചത്തടിക്കുന്ന ശബ്ദം എന്റെ ഭാര്യക്കു മാത്രമേ അറിയൂ ചുമ്മാ അങ്ങു എഴുതടേ

ഒരു നിമിഷത്തേക്കു പത്തഞൂറ് followers ഉള്ള ഒരു ബ്ലൊഗിന്റെ കർത്താവാകുന്നതു ബൾബ് കത്തുന്നതു പോലെ മനസിൽ തെളിഞ്ഞൂ. അയ്യോ ഞാൻ എന്നെ കൊണ്ടു തോറ്റൂ…….

അങ്ങനെ ഗണപതിക്ക് കുറിച്ചൂ…… ഇനി വരുന്നിടത്തു വച്ചു കാണാം.

അല്ലാ പിന്നെ………..