Tuesday, August 17, 2010

അവിട്ടം ദിന പ്രത്യേക പരുപാടികൾ

വല്ലാത്ത മൂത്ര ശങ്ക. നല്ല ദാഹവും പരവശവും ഉണ്ട്. ആദ്യം വെള്ളം കുടിക്കണൊ അതോ മൂത്രം ഒഴിക്കണൊ? ആകെ സംശയം. മൂത്രം ഒഴിക്കുക തന്നെ. തട്ടുതടുത്താലും മുട്ടുതടുക്കരുത് എന്നാണല്ലോ പ്രമാണം. ഞാൻ വേഗം നടന്നു. ഒരു ഒഴിഞ്ഞ ഇടം - ഒരു മതിലൊ, മരമൊ, ഒരു അരഭിത്തി എങ്കിലും പ്രതീക്ഷിച്ചു. ഇതൊരു മരുഭൂമിപോലെ നീണ്ടുപരന്നു കിടക്കുകയാണല്ലോ ഈശ്വരാ ദാഹിക്കുകയും ചെയ്യുന്നു. മരുഭൂമി എന്ന് ഓർത്തതേയുള്ളൂ, ഒരു കള്ളിമുൾചെടി ! എന്നാൽ അതിനു അല്പം ലവണജലം നൽകാം. ഒഴിക്കാൻ തുടങ്ങിയതാണ്. ഛെ, ഒരു പറ്റം നാരിജനങ്ങൾ. വീണ്ടും മുന്നോട്ടു നടന്നു. ഇടവഴികൾ കാണുന്നുണ്ട്, പക്ഷെ എല്ലായിടത്തും ആളുകൾ. ബ്ലാഡർ പൊട്ടി ചാകുന്ന ആദ്യത്തെ മനുഷ്യൻ ആകുമോ ഞാൻ? ആകാതിരിക്കട്ടെ! തെണ്ടിപിള്ളാര്, പബ്ലിക് ടാ‍പ്പിൽ നിന്നു വെള്ളം പിടിക്കുന്നു. സഹിക്കാൻ വയ്യല്ലോ ങാ..! അവിടെ ഒരു മറവുണ്ട് അങ്ങോട്ടു ചേർന്നു നിന്നു. ഒഴിക്കാൻ പറ്റുന്നില്ലല്ലൊ……

അയ്യോ ഞാൻ ചാടീഎഴുന്നേറ്റു. ഭാഗ്യം കിടക്ക നനഞ്ഞില്ല ഓടി ടോയ്ലെറ്റിൽ കയറി കാര്യം സാധിച്ചു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം രാത്രി മൂന്നര! ആകെ വിയർത്തുകുളിച്ചിരിക്കുന്നു. നെറ്റിക്കുചുറ്റും ഒരു വേദനയും. വെള്ളം വച്ചിരുന്ന ജാർ മുഴുവനായ് വായിലോട്ട് കമഴ്ത്തി. ഫാനിന്റെ സ്പീഡ് വീണ്ടും കൂട്ടി. എന്താ സംഭവിച്ചതെന്ന് ആലോചിക്കാൻ ഒരു ശ്രമം നടത്തി. രാത്രി എപ്പോഴാ ഉറങ്ങിയത്? ഓ. ഇന്നലെ തിരുവോണം ആയിരുന്നല്ലൊ. തിരുവോണ പാർട്ടി കഴിഞ്ഞ് ബെഡിൽ വന്നുചാഞ്ഞത് ഓർമ്മയേഇല്ലാ. ഇന്നലെ എത്രണ്ണം കയറ്റികാണും?? മൂന്ന്? നാല്?? അല്ല അഞ്ചണ്ണം!!!! ചുമ്മാതല്ലാ ഈതലവേദന. പിന്നേം വിയർക്കുന്നല്ലോ വയറ്റിനകത്താണെങ്കിലാകെ ഒരു ആന്തൽ !! വാളുവെക്കുമോ?? ചക്രവർത്തി ആകുമോ? മനുഷ്യശരീരത്തിൽ ഗുരുത്വാകർഷണബലത്തിനെതിരാ‍യി നടക്കുന്ന എതാനും ചില സംഗതികളിൽ ഒന്ന്!! ദാ വരുന്നു, അല്ല, വന്നൂ. വീണ്ടും ടൊയിലെറ്റിലോട്ട് ഓണപൂക്കളം. ക്യാരറ്റിന്റെ ചുമപ്പ്, വെള്ളരിയുടെ വെളുപ്പ്, ചിക്കന്റെ ബ്രൌൺ ജോർ ഓണം ഗംഭീരം. നിവർന്നുനിൽക്കാൻ ത്രാണിയില്ലാതെ വായും മുഖവും കഴുകി വേച്ചുവേച്ച് വന്ന് കിടക്കയിൽകിടന്നു. ഭാര്യയും മക്കളും നല്ല ഉറക്കം. എനിക്കാണങ്കിൽ ഉറക്കവും വരുന്നില്ല. കിടക്കയിൽ നടത്തിയ ഉരുളൽ ഏതെങ്കിലും അമ്പലത്തിൽ ആയിരുന്നെങ്കിൽ രണ്ട് റൌണ്ട് ശയനപ്രദക്ഷിണം ആയേനെ. വീണ്ടും ഉറങ്ങാൻ ശ്രമിച്ചെങ്കിലും മയങ്ങാൻ മാത്രമേ കഴിഞ്ഞുള്ളൂ. എപ്പഴോ ഉറങ്ങി. എണീറ്റപ്പോൾ സമയം ഏഴ്. വല്ലാത്ത തലവേദന. ഹാങ്ങോവറിനു ആസ്പിരിൻ ഗുളിക നല്ലതാണത്രേ.. രണ്ട് ഡിസ്പിരിൻ ഗുളിക വെള്ളത്തിലിട്ട് ഒരു പിടിപിടിച്ചു. അടുക്കളയിൽ ശബ്ദകോലാഹലം. സഹിക്കുന്നില്ല! ഡിസ്പിരിൻ ചികിത്സയും വയറിനു പിടിച്ചില്ല. അതും പുറത്തേക്കു മാർച്ച് ചെയ്തടുക്കുന്നു. എത്ര ഒതുക്കീട്ടും ഓക്കാനത്തിന്റെ ശബ്ദം പുറത്തു വന്നു. ആടുക്കളയിൽ നിന്നും ഒരു പൊട്ടിച്ചിരിയുടേയും. കിടക്കയിലോട്ടുമറിഞ്ഞു.

പിന്നെ ഉണർന്നത് പന്ത്രണ്ട് മണിക്കാണ്. ചെറിയൊരു ഉന്മേഷം തോന്നുന്നു. തലവേദനക്കും കുറവുണ്ട്. തലയിൽ നിറയേ എണ്ണതേച്ചൊരു കുളിപാസാക്കി. കണ്ണാടിയിൽ മുഖം കണ്ടപ്പൊൾ എനിക്കു തന്നെ പേടിയായി. ആകെ തൂങ്ങിയിരിക്കുന്നു. തിരുവോണത്തിനവധിയില്ലാത്ത പത്രം ടീപോയിൽ കിടക്കുന്നു. തിരുവോണത്തിനു കേരളം കൂടിച്ചത് 400 കോടിയുടെ മദ്യം ആണത്രേ.. !!

ഛെ, മോശം!! അതിൽ ഞാൻ കുടിച്ചതും പെടുമല്ലൊ എന്നോർത്തപ്പോൾ വല്ലത്തൊരു കുറ്റബോധം. അടുത്ത പേജിൽ തന്നെ എഴുതിയിരിക്കുന്നു രണ്ട് പെഗ് ആകാം എന്ന്. പാവം കുടിയന്മാർ!!! ഈ ഒരു prescription കിട്ടിയാൽ എവിടെ വേണമെങ്കിലും തർക്കിക്കാമല്ലോ.. ജലദോഷത്തിന്, വയറ്റിളക്കത്തിന്, മുടിനരക്കുന്നതിന് എന്നുവേണ്ടാ എല്ലാത്തിനും ഉള്ള ഒറ്റമൂലിഅല്ലെ ഇവൻ..?? ഇതുകഴിക്കുന്നവർക്ക് മുടിനരക്കില്ലത്രെ!! കാരണം മുടിനരക്കാൻ പ്രായം ആകുന്നതിനു മുമ്പ് തന്നെ തട്ടിപോകും!!!!!!! എന്റെ ആദർശബോധം ആളികത്തി. ഞാൻ ഇനി കുടിക്കില്ല!! ഹോ എന്തായിരുന്നു ഇന്നലെ. ഓർക്കാൻ പോലും വയ്യ!. കാളരാത്രി എന്നു പറഞ്ഞാൽ മതിയല്ലൊ!

അങ്ങനെ അവിട്ടം കഴിഞ്ഞു. ചതയവും. ഇപ്പോഴും തിരുവോണ രാത്രി ഓർക്കുമ്പൊൾ തന്നെ ശർദ്ദിക്കാൻ വരുന്നു. ദിനരാത്രങ്ങൾ കടന്നു പോയി. ഒരു ചാറ്റമഴയുള്ളോരു സായാഹ്നം. തണുത്ത, നനുത്ത കാറ്റ് മുഖത്തടിക്കുമ്പൊൾ മനസ്സ് എന്തിനോ വേണ്ടി വെമ്പുന്നു. ഫോൺ ബെല്ലടിച്ചു.

“മാഷേ, എന്താപരുപാടി ?”

“ചുമ്മാ ഇരുപ്പാ”

“വല്ലാത്തൊരു alcoholic climate, എന്തെങ്കിലും വകുപ്പുണ്ടൊ? ഇവിടാരും ഇല്ലാ”

“വകുപ്പൊക്കെ നമുക്കുണ്ടാക്കാം, ക്യൂ വിന്റെ വലുപ്പം പോലിരിക്കും. എന്തായാലും ഒരു മണികൂറിനുള്ളിൽ എത്താം”

വേഗം dress ചെയ്തു. പേഴ്സിൽ പൈസയുണ്ടെന്ന് ഉറപ്പ് വരുത്തി. ബൈക്കിൽ കയറി start ചെയ്തു. Helmet മറക്കാതെ തലയിൽ വച്ചു. നിയമ ബോധം ഉള്ളൊരു പൌരൻ!!! പിന്നെ പിള്ളേരു കാണരുതല്ലൊ!!! അന്ന് ആളികത്തിയ ആദർശം കെട്ടടങ്ങാനുള്ള സമയം ആയല്ലൊ, ഇനി എന്തിനമാന്തം?? ക്യൂവിന്റെ അറ്റം തേടിയുള്ള യാത്ര പുനഃരാരംഭിച്ചു.

Note: ഇതൊരു സംഭവ കഥ അല്ല. സാദൃശ്യങ്ങൾ തികച്ചും മനഃപൂർവ്വം!!!!!

17 comments:

 1. ബിവറെജസ് കോര്‍പറേഷനില്‍ മുന്‍പില്‍ ഹെല്‍മെറ്റിട്ട് നിന്നാല്‍ ഞാന്‍ തിരിച്ചറിയില്ലെന്നു കരുതിയോ? അപ്പോ നല്ല വീശാണല്ലേ? പക്ഷേ കണ്ടാല്‍ തോന്നില്ലാട്ടോ. കള്ളുകുടിയന്‍!

  ബാക്കി ഞാന്‍ പിന്നെ പറയാം..:)

  ReplyDelete
 2. വേണു, നല്ല തമാശയൊക്കെ തെന്നെ! ഇങ്ങനെയൊക്കെ എഴുതിയാൽ ആളുകൾ വിചാരിക്കും മഹാകുടിയനാണെന്ന്! സത്യത്തിൽ ബിയറു പോലും കഴിക്കില്ലെന്ന് ഞങ്ങൾക്കൊക്കെയല്ലേ അറിയൂ. ‘ആശ’യുണ്ടെന്നറിയാം എങ്കിലും!!

  ReplyDelete
 3. @വായാടി കോതേ..... ഞാൻ വെള്ളമടിക്കാറില്ലാ.... ഒരു പാവം ബ്ലോഗ്ഗർ കലാകാരനെ കുടിയൻ എന്നുവിളിച്ചില്ലെ... കഷ്ടമായി പോയീ. ഇനി ഈ സംങ്കടം തീർക്കാൻ ഞാൻ കുടിക്കണമൊ എന്നാലോചിക്കുകാ...

  @സാർ.. കണ്ടൊ എന്നെ ഈ വായാടി കള്ളുകുടിയാ എന്നുവിളിച്ചു കളിയക്കുന്നെ?? നല്ല അടിവച്ചു കൊടുക്കണം.. ട്ട്വോ...!

  ReplyDelete
 4. ഹ..ഹ..ഹ.
  ശ്രീമാഷിനെ കൊണ്ട് ഈ കമന്റ് എഴുതിപ്പിക്കാന്‍ എന്തു കൊടുത്തു? സോറി എത്രയെണ്ണം കൊടുത്തു?

  ReplyDelete
 5. thaththamma mookku kondu 'ksha' (malayalam 'ksha')ezhuthikkukayaanallo! kollaam, venu. nannaayi ezhuthi. chakinu vachchatu kokkinu kondenkilum. njaan samsayikkunnilla, ketto.

  ReplyDelete
 6. വേണൂ, ആഞ്ഞറുമാദിക്കുകയാനല്ലോ? ഇഷ്ടമായി, തുറന്ന ഈ എഴുത്ത്. ഇങ്ങനെ വേണം.
  ആ ഓണപ്പൂക്കളം കൊറച്ചു ഓവര്‍ ആയില്ലേ? ഹും... ഗ്വാ...

  പിന്നെ, റം കേക്ക് കഴിച്ച വായാടിയ്ക്ക് എന്താ ഞങ്ങള്‍ കുടിയന്മാരെ കളിയാക്കാന്‍ അവകാശം?

  ReplyDelete
 7. വേണുവേട്ടാ,
  കലക്കി.. എന്തൊരു ആദര്‍ശ ബോധം(മില്ലായ്മ)..
  പറ്റിയാല്‍ എരക്കാടന്‍-നെ പരിച്ചയപെടൂ... ഒന്നൊന്നര ഒഴിച്ചേ സഹൃദയനായ അദ്ദേഹം എന്തും തുടങ്ങാറുള്ളൂ..രാശിയുള്ള കമ്പനിയാ..
  വളരെ രസകരമായി എഴുതീട്ടോ.. ശരിക്കും ഇഷ്ടപ്പെട്ടു.
  ഓരോ ആഘോഷത്തിന്റെ പേരും പറഞ്ഞു എന്ത് മാത്രം കാശാ മലയാളി കുടിച്ചും വാളുവെച്ചു ചക്രവര്തിയായും തീര്‍ക്കുന്നത് അല്ലേ? കഷ്ടം തന്നെ...
  ഓണാശംസകള്‍..
  കാണാം.. കാണും.
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌.

  ReplyDelete
 8. മാഷായാലും വേണ്ടില്ല,ശിഷ്യനായാലും വേണ്ടീല്ല...

  ഇപ്പോഴുള്ളൊരു ശരാശരി മലായാളിയുടെ ഓണാഘോഷം ലൈവ്വായിതന്നെ ,ഒരു പൊന്നോണതിരുമുൽക്കാഴ്ച്ചയായി ,
  ഒട്ടും തനിമ നഷ്ട്ടപ്പെടാതെ അവതരിപ്പിച്ചതിനഭിനന്ദനം...
  കേട്ടൊ... മാഷേ

  ReplyDelete
 9. വായാടിജീ... ഞാനും ശീനാഥൻ സാറുമായി നല്ല ഗുരുശിഷ്യ ബന്ധമാണ്.
  പുറിഞ്ചിതാ...??
  മുകിൽ... വായാടി കേറി മേയാൻ തുടങ്ങിയാൽ ഒരു രക്ഷയുമില്ലാ... പിന്നെ സറണ്ടർ ആണു നല്ലത്.. കാരണം ഈ ‘ക്ഷ; എന്ന അക്ഷരം ആയുധമക്കിയവൾ ആരോ അവളാണ് വായാടി എന്നതാണ് വയാടിയുടെ definition... :).. എങ്കിലും ഞങ്ങൾ തമ്മിൽ നല്ല കൂട്ടുകാറ് ആണ് ട്ടൊ!!

  ReplyDelete
 10. @ ജെക്കെ... വയാടി കേക്ക് ന്റെ പേരിൽ കള്ളു കടയിൽ പൊയി ക്യൂ നിന്ന കക്ഷിയാ... എന്നിട്ടാ... പാവം ബിയറ് ചമയുന്നെ.... നമക്കറിയില്ലെ കക്ഷി ആളൊരു റം ആണ് എന്ന്. നല്ല കമന്റിനു നന്ദി!!
  @ബിലാത്തിപട്ടണം.. പണ്ടൊക്കെ ഗോപ്യമായി ചെയ്തിരുന്ന വെള്ളമടി കേരളീയന്റെ അവശ്യവസ്തു ആയിമാറികഴിഞ്ഞിരിക്കുന്നു. പത്തും പന്ത്രണ്ടും വയസു പ്രായം ഉള്ള കുട്ടികൾ വരെ അടിമകൾ ആയില്ലെങ്കിൽ പോലും മദ്യം ഉപയോഗിക്കുന്നു. BBC വരെ കേരളീയന്റെ കുടിയെ കുരിച്ചു കൌതുകവാർത്തകളിൽ വായിച്ചു. കാരണങ്ങൾക്കു മേൽ കാരണം ഉണ്ടക്കി കുടിചടുക്കുകയാണ് ഇന്നു മലയാളി. ഇന്നു അതൊരു status symbol ആയി. ഞാൻ ഇത്ര പെഗ് കുടിക്കും എന്ന് അഭിമാനത്തോടെ പറയുന്ന ശ്രേഷ്ടന്മാർ ധാരാളം. ലൈംഗിക രോഗങ്ങളെക്കാൾ വിപത്തായിരിക്കും ഇനിഉള്ള ജനതക്കു ഈ സാധനം നൽകുക!. പിന്നെ ഇതൊന്നും കേരളത്തിൽ ഇല്ലെങ്കിൽ പാവം എന്നെ പോലുള്ള ഗവണ്മെന്റ് ജീവനക്കാർ എങ്ങനെ ശമ്പളം വാങ്ങിക്കും?? ഇതൊക്കെ അല്ലെ കേരളത്തിന്റെ പൊന്മുട്ട ഇടുന്ന താറാവ്.

  ReplyDelete
 11. ഒരു കേക്കുണ്ടാക്കി എന്നൊരു തെറ്റേ ഞാനാകെ ചെയ്തിട്ടുളൂട്ടാ..അല്ലാതെ നിങ്ങള്‍ കള്ളുകുടിയന്മാര്‍ വിചാരിക്കുന്നതു പോലൊന്നുമില്യ.

  പോസ്റ്റ് കലക്കി. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. കേരളത്തിലെ മദ്യപാനികള്‍ ഓണത്തിനു ഇതുപോലെ എത്ര പൂക്കളങ്ങള്‍ തീര്‍ത്തിട്ടുണ്ടാകും!

  എന്റെ ഓണാശംസകള്‍.

  ReplyDelete
 12. @ഹാപ്പി ബാച്ചിലേഴ്സ്: പെഗ് അടിക്കാനാണൊ ആളുകൽക്കു പഞ്ഞം കേരളത്തിൽ? എന്തിനും എതിനും വെള്ളമടിച്ചു ആഘോഷം... അതൊന്നെടുത്തു കാണിചൂ എന്നെ ഒള്ളൂ. നല്ല കമന്റിനു നന്ദി...
  @Vayady. കേരൾത്തിലെ എന്നല്ല... എല്ലാസ്ഥലതേയും മലയാളികൾ ഇതുനൊരു കുറവും വരുത്തില്ല.... കുപ്പി പൊട്ടാത്ത ആഘോഷങ്ങൾ വളരെ വിരളം.

  ReplyDelete
 13. മാഷും കുട്ടികളും ഒരുമിച്ചു ക്യൂ ഇല്‍ നില്‍ക്കുന്നത് ബോറാ കേട്ടോ...
  anyway ,nicely written..
  wishes
  joe

  ReplyDelete
 14. ജ്യോത്സ്ന പറഞ്ഞതു വളരെ സത്യം... ഇവിടെ വന്നതിൽ നന്ദി...

  ReplyDelete
 15. ഞാൻ വിശ്വസിച്ചു, മൊത്തമായും വിശ്വസിച്ചു.

  പിന്നെ കള്ളുകുടിയന്മാരുടെ സഹായമൊന്നും ഞാൻ ആയുസ്സിൽ മറക്കില്ല. അത്രയ്ക്ക് നല്ലനല്ല ഓർമ്മകളാ.
  എന്നാലും ആ ഓണപ്പൂക്കളം! അയ്യേ! ഗ്വാ....ഗ്വാ.....

  ReplyDelete
 16. @Echmukutty അതെന്താ ഇത്രക്ക് അനുഭവം എച്ച്മുകുട്ടി....
  അങ്ങോട്ട് പൊയ്യത് തന്നെ അല്ലെ ഇങ്ങൊട്ടും വന്നതു??? അതിനെന്തിനാ ഇത്രക്ക് അറപ്പ്???/

  ReplyDelete
 17. ഓണാഘോഷവും മറ്റും കഴിഞ്ഞു,മഴയുള്ള സായാഹ്നത്തിലാണ് ഞാന്‍ ഇവിടെ എത്തുന്നതെങ്കിലും, മലയാളിയുടെ ആഘോഷങ്ങള്‍ എല്ലാം ഒരുപോലെയായതിനാല്‍..... വൈകിയതില്‍ കുഴപ്പമില്ല ല്ലേ...

  വളരെ രസകരമായി എഴുതി ട്ടോ....

  ReplyDelete