Saturday, October 16, 2010
ഹരി ശ്രീ ഗണപതയേ നമ:
അവിഘ്ന നമോസ്തൂ.
ശ്രീ ഗുരവേ നമ:Wednesday, October 6, 2010

ഓഫീസും പൊളിറ്റിക്സുകളും..

ഒരു തൊഴിൽ കിട്ടിയാൽ അതിനോടു കൂറുപുലർത്തണം എന്നുള്ളത് തൊഴിൽ ഉള്ളവരേക്കാൾ തൊഴിൽ രഹിതർക്കറിയാം എന്നുതോന്നുന്നു. ഷർട്ടിന്റെ കോളറിൽ അഴുക്കും വിയർപ്പും പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്ന ആത്മവിശ്വാസം മുഖത്ത് ഇടക്കിടെ വരുത്തി കമ്പനികളായ കമ്പനികളിൽ എല്ലാം കയറി ബയോഡാറ്റ കൊടുക്കുന്നവന് ഒരു ജോലിയുടെ വിലയും അതിനോടുപുലർത്തേണ്ട ആത്മാർത്ഥതേയും കുറിച്ചു കൂടുതൽ പറയാൻ ഉണ്ടാകും.

ഇനി ഈ മനുഷ്യന് ജോലി കിട്ടിയാൽ.....

തുടക്കത്തിൽ നേരത്തേ പറഞ്ഞ കൂറിന്റെ ഗ്രാഫ് മേൽപ്പോട്ട്മേൽപ്പോട്ടായിരിക്കും. കൃത്യസമയത്ത് ഡെസ്കിൽ കാണും. മരിച്ചുപണിയെടുക്കും. പണിയെടുക്കാത്തവരെ തികഞ്ഞപുച്ഛത്തോടെ മുഖം വക്രിച്ചു നോക്കും. പണിയെടൂക്കാത്തവരേയും പണിയെടൂക്കുന്നവരേയും വേർതിരിച്ചറിയാനുള്ള വിവേചനബുദ്ധി ഈകാലയളവിൽ വളരെ കൂടൂതൽ ആകും. അങ്ങനെ പണിയെടുക്കുന്നവരുടെ സംഘത്തിൽ അംഗമാകും. കൂട്ടരുടെ അഭിപ്രായങ്ങളൊടു യോജിച്ചുകൊണ്ട് ആദ്യമാദ്യം കൊച്ചുചിരികളും പിന്നീട് പൊട്ടിച്ചിരികളും ആകും. അവരുടെ പരദൂഷണ സദസുകളിൽ അല്പാല്പമായി ആക്റ്റീവ് ആകും. മാസങ്ങൾ കടന്നുപോകുന്തോറും അനുഭവങ്ങൾ കൂടുന്തോറും സ്വന്തം അഭിപ്രായങ്ങൾ ഉണ്ടാകും. അതു തുറന്ന് പറയാനുള്ള ധൈര്യം കൂടും. ആ ധൈര്യത്തിൽ ഇടക്കിടെ ഊറ്റം കൊള്ളും. വിമർശനത്തിന്റെ മൂർച്ചകൂടും. ശത്രുക്കൾ പെരുകും. സവാദങ്ങളും വഴക്കുകളും നിത്യസംഭവം ആകും. വീട്ടിൽ വന്ന് താൻ ശത്രുപക്ഷത്തെ ലീഡറുമായുള്ള വർത്തമാനത്തെ പറ്റി ഉപ്പും മുളകും അല്പം ചിക്കൻ മസാലയും ചേർത്ത് വീട്ടുകാരെ കോൾമയിർ കൊള്ളിക്കും. പലവർഷങ്ങൾ കഴിയുമ്പൊൾ തലപ്പത്തുള്ളവർ കൊഴിയുമ്പൊൾ അങ്ങോട്ട് ചാടികയറും. അങ്ങനെ പണിയെടുക്കാത്തവരുടെ പാളയത്തെത്തും. ഒന്നു കണ്ണടച്ച്, വന്ന വഴി മറക്കും. സുഹൃത്തുകളെ പിണക്കുകാ എന്ന മാനേജ്മെന്റ് തത്ത്വം നടപ്പിലാക്കും. മിത്രം പിണങ്ങിയാൽ പിന്നെ ശത്രുവിനേക്കാൾ കഷ്ടം ആണല്ലൊ..!

അധികം നേരം വേണ്ട... പുതിയ കോക്കസുകൾ... പുതിയ പരദൂഷണ വൃന്ദങ്ങൾ .... അവയേയൊക്കെ അതിജീവിക്കാൻ അധിക്കാര (ദുർ) വിനിയോഗങ്ങൾ.....കുറ്റങ്ങൾ.... ശിക്ഷകൾ..... ഉറക്കക്കുറവ്... ഡിപ്രെഷൻ......

“കുറയുന്നു ബന്ധങ്ങൾ അകലുന്നു മിത്രങ്ങൾ

കുറയുന്നിതായുസും അയ്യോ...”

ഒടുവിൽ വിരമിക്കൽ.... തിരിഞ്ഞുനോക്കുമ്പൊൾ ശൂന്യം..... പരിചയമുള്ളവരും മണി അടിച്ചുനടന്നവർ പോലും മൈൻഡ് ചെയ്യുന്നില്ല... "എന്റെ ആത്മാർത്ഥതയേ ആരും മനസിലാക്കിയില്ല" എന്ന് വീണ്ടൂം മറ്റുള്ളവർക്ക് പഴി....

ഇതു ഓഫീസ് പൊളിറ്റിക്സിന്റെ ഒരു മുഖം.... ഏതെല്ലാം തരത്തിൽ.... ഏതെല്ലാം വിധത്തിൽ.... എവിടെയെല്ലാം കളിയാടുന്നു.....? ഇതില്ലാതാക്കാൻ എന്താ ഒരു വഴി..??

നിങ്ങൾ പറയു.....