Saturday, December 18, 2010

യാത്രാ മംഗ’ല്ല്യം’

BTech നു പഠിക്കുന്ന കാലം. Project തകൃതി ആയി NAL ബംഗളൂരില്‍ നടക്കുന്നു. നേതാവും, ഞാന്‍ അടക്കം നാല് സില്‍ബന്ദികളും തലകുത്തി നിന്ന് ചെയ്താലും തീരാത്ത ഒരു ഭീകരന്‍ work ആണ് guide തന്നിരിക്കുന്നത്. വേനല്‍ അവധി മുഴുവനും ബാംഗ്ലൂരില്‍ ആണ് ചിലവിട്ടത്. ചൂട് മാറ്റാന്‍ ധാരാളം സ്ഥലങ്ങള്‍ ഉള്ളതിനാല്‍ ചൂട് അറിഞ്ഞതേ ഇല്ല..! ബ്രിഗേടിലെ ശനിയാഴ്ച വൈകുന്നേരങ്ങള്‍ മാത്രമാണ് വീട്ടിലേക്ക് വരാതിരിക്കാനുള്ള പ്രചോദനം. എങ്കിലും ഒരു ശനിയാഴ്ച 'ത്യജിച്ചു' ആ വെള്ളിയാഴ്ച്ച വൈകുന്നേരം ഞങ്ങള്‍ പാലക്കാട്ടേക്ക് train കയറി.

ഒരേ കൂപ്പയില്‍ ആയിരുന്നു ഞങ്ങള്‍ അഞ്ചു പേരും. പാഴ്സല്‍ മേടിച്ച ആഹാരം എല്ലാം കഴിച്ചു തീരാറായപ്പോഴേക്കും ഒരു ചുരിദാര്‍ സുന്ദരി എന്റെ എതിര്‍ വശത്തുള്ള സീറ്റില്‍ വന്നിരുന്നു. ഞങ്ങള്‍ ഇറച്ചി കണ്ട പട്ടികളെ പോലെ പരസ്പരം നോക്കി. 19 വയസുള്ള പെങ്കോച്ചാണ് എന്നും, ഒറ്റപാലത്ത് ആണ് ഇറങ്ങാന്‍ പോകുന്നത് എന്നുമെല്ലാം chart നോക്കി മനസിലാക്കിയിരുന്നു എങ്കിലും ഇത്ര സുന്ദരി ആയിരിക്കും എന്ന് അതില്‍ എഴുതിയിരുന്നില്ല..!!!

Train വിടാന്‍ നേരം ആയികൊണ്ടിരിക്കുന്നു.. പെങ്കൊച്ചാണെങ്കില്‍ തുരുതുരാ വാച്ച് നോക്കുകയാണ്. ഇതിനിടെ ഒരു തടിമാടന്‍ അണ്ണാച്ചി പെങ്കൊച്ചിരിക്കുന്നതിന്റെ മുകളിലുള്ള ബര്‍ത്തില്‍ കയറി ഉറക്കംപിടിച്ചിരുന്നു. അപ്പോഴാണ്‌ ഒരു ചുള്ളന്‍ ഓടികിതച്ചു ഞങ്ങളുടെ അടുത്ത് വന്നിരുന്നത്. പെണ്‍കുട്ടിയുടെ കണ്ണില്‍ തിളക്കം. ഞങ്ങളിലെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നിരാശയുടെ കമ്പിളി പുതപ്പ് വീണു. ചുമ്മാ അതിനടിയില്‍ കിടക്കാന്‍ പറ്റില്ലല്ലോ..!!! അതുകൊണ്ട് തല മാത്രം പുറത്തിട്ടു വീണ്ടും നര്‍മ സല്ലാപം തുടര്‍ന്നു. ഞങ്ങള്‍ വളരെ decent ആയി അഭിനയിച്ചു. അവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ തമാശിച്ചു കഷ്ടപെട്ടു. ചുമ്മാ ഒരു സുഖം.....!!

ഞങ്ങള്‍ എല്ലാവരും കിടന്നു. ഇവര്‍ മാത്രം താഴെഇരുന്നു സംസാരിക്കുന്നു. ലൈറ്റ്‌ അണച്ചിരുന്നില്ലാ. ഞാന്‍ അവര്‍ ഇരിക്കുന്നതിന്റെ എതിര്‍ വശത്തുള്ള മിഡില്‍ ബര്‍ത്തില്‍ കിടന്നു കൊണ്ട് ചുള്ളനോട് ലൈറ്റ്‌ ഓഫ് ആക്കാന്‍ പറഞ്ഞു. വളരെ ഉത്സാഹത്തോടെ അവന്‍ ലൈറ്റ്‌ ഓഫ് ചെയ്തു. ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു. അതുവരെ ഉള്ള അലച്ചിലും മറ്റും കാരണം വിചാരിച്ചതിലും നേരത്തെ ഉറങ്ങിപോയി. കൊതു കടി കൊണ്ടാണ് പിന്നെ ഉണര്‍ന്നത്. ട്രെയിന്‍ എവിടെയോ നിര്‍ത്തി ഇട്ടിരിക്കുന്നു. സൈഡ് ബര്‍ത്തില്‍ കിടക്കുന്ന എന്റെ രണ്ടു സുഹൃത്തുക്കളും കമിഴ്ന്നുകിടപ്പാണ്. സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ണ് തുറന്നാണ് കിടക്കുന്നത്. എനിക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. പിന്നെ ആണ് സുന്ദരിയുടെ ഓര്‍മ്മ വന്നത്. താഴോട്ട് നോക്കിയപ്പോളാണ് സുഹൃത്തുക്കള്‍ എന്തിന്നാണ് കണ്ണും തുറന്നു കിടക്കുന്നത് എന്ന് മനസിലായത്. അവള്‍ അവന്റെ മടിയില്‍ കിടക്കുകയാണ്. ട്രെയിന്‍ സ്റ്റേഷനില്‍ ആണ്. ഉള്ളില്‍ നല്ല വെളിച്ചം ഉണ്ട്. അനുരാഗ പരവശര്‍ ആയതിന്റെ ലക്ഷണങ്ങള്‍ ആവോളം അവരുടെ രണ്ടു പേരുടെയും മുഖത്തുണ്ട്. ഇരുവരും നിശബ്ദരാണ്. ട്രെയിന്‍ മെല്ലെ അനങ്ങി തുടങ്ങി. വെളിച്ചം കുറഞ്ഞു തുടങ്ങി. തണുപ്പ്കൊണ്ടായിരിക്കും, (വേനല്‍ അവധി ആണ്) ഒരു പുതപ്പിന് കീഴിലാണ് രണ്ടുപേരും. പാതി ഉറക്കം, അവരുടെ ഇരുപ്പ്, എന്റെ ഇമാജിനേഷന്‍ ഇവ എല്ലാം നല്ല കോമ്പിനേഷനില്‍ ആയിരുന്നത് കൊണ്ട് ഉറങ്ങാന്‍ തോന്നിയില്ല. ഇപ്പോള്‍ തന്നെ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. നാളെ അവന്മാര് ചോദിക്കുമ്പോള്‍ എണ്ണിഎണ്ണി പറയാന്‍ ഉള്ളതാണ്. ഇടയ്ക്കിടെ ഉറങ്ങി പോകും. എന്നാലും പാല്‍പായസം കുടിക്കാനോ ഇതുവരെ പറ്റിയിട്ടില്ല. ആരെങ്കിലും കുടിക്കുന്നതെന്കിലും കാണാമല്ലോ എന്നോര്‍ത്ത് കണ്ണുകള്‍ വലിച്ചു തുറന്നു കിടന്നു.

അവരിപ്പോള്‍ activities എല്ലാം നിര്‍ത്തി. walkman ന്റെ ഒരു speaker അവളുടെ ചെവിയിലും മറ്റേ speaker അവന്റെ ചെവിയിലും വച്ച് പാട്ടുകേട്ടുകൊണ്ടിരിക്കുകയാണ്. അവന്‍ ഇടയ്ക്കിടെ പാട്ട് മൂളുന്നുണ്ട്.

ഫൂലോം കാ താരോംകാ സബ് കാ കഹനാ ഹെ...

അവന്‍ ആ പാട്ടിന്റെ സന്ദര്‍ഭവും മറ്റും അവള്‍ക്കു വിവരിച്ചു കൊടുക്കുന്നുണ്ട്.

വേറേതോ പാട്ട് വന്നു. അതും അവന്‍ മൂളുന്നുണ്ട്. ചിലപ്പോള്‍ അവളും. ഇണക്കുരുവികള്‍...

“നീ എങ്ങനാ എന്നെ ഇഷ്ടപെട്ടത്‌? ഞാന്‍ ആണെങ്കില്‍ കറുത്തിട്ട്... നീ ആണെങ്കില്‍ നല്ല ചന്തകാരി.” ചുള്ളന്‍ മെല്ലെ മൊഴിഞ്ഞു...

“എനിക്ക് നിന്നെ ആദ്യമേ ഇഷ്ടമായിരുന്നു... നീ കറുത്തിട്ടൊന്നും അല്ല. ആണുങ്ങള്‍ ആയാല്‍ കുറച്ചു കറുത്തൊക്കെ ഇരിക്കണം. അല്ലാതെ ചത്ത പല്ലിയെപോലെ ഇരുന്നിട്ടെന്താ കാര്യം??” ചുള്ളി..

ഞാന്‍ ഇതെല്ലാം കേട്ട് ചിരി അമര്‍ത്തി കിടക്കുകയാണ്. പഞ്ചാര എന്നോകെ കേട്ടിട്ടെഒള്ളൂ...

“നീ എന്താ വല്ല്യതോതില്‍ ആഭരണം ഒന്നും ഇടാത്തത്?” ചുള്ളന്‍

“ങും.. അതുശരി.. അപ്പോള്‍ ആഭരണം ഉള്ള പെണ്ണിനെയാ നിനക്ക് വേണ്ടത്? എനിക്കും ഉണ്ട് കേട്ടോ..” ചുള്ളി....

“ഒന്നും വേണ്ടന്നേ.. നിനക്കറിയുമോ നിന്റെ ഈ ലോലമായ മാലയാണ് എനിക്കിഷ്ടം....”ചുള്ളന്‍

ചെറിയൊരു മൂളലോടെ സുന്ദരി.. “ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ നിന്റെ ഈ നേര്‍ത്ത മീശ ആണ് എനിക്കിഷ്ടം”...

അത്രയും നേരം തടുത്തു നിര്‍ത്തിയ ചിരി എല്ലാ കടിഞ്ഞാണും പൊട്ടിച്ചു പുറത്തു ചാടി!!! എന്റെ ചിരിയെ തുടര്‍ന്നു അത് പോലെ തന്നെ അമര്‍ത്തി വച്ചിരുന്ന നാല് പേരുടെ കൂടെ ചിരി ട്രെയിനില്‍ മുഴങ്ങി... ഒരു മാല പടക്കത്തിന് തിരികൊടുത്ത പോലെ. മിഥുനങ്ങള്‍ slow motion ല്‍ മേല്‍പ്പോട്ടൊക്കെ ഒന്ന് നോക്കി. അപ്പോഴാണ്‌ എന്ന് തോന്നുന്നു അവര്‍ക്ക് സ്ഥലകാല ബോധം ഉണ്ടായത്. അവര്‍ മെല്ലെ അടര്‍ന്നു മാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരു മിഡില്‍ ബര്‍ത്ത് കൂടെ ഉയര്‍ന്നു. അവന്‍ അതില്‍ കയറി കിടന്നു. അവള്‍ താഴെയും. ഞങ്ങളില്‍ ആരുടെ ഒക്കെയോ ചിരി ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. എപ്പോഴോ ഉറങ്ങീ. രാവിലെ പാലക്കാട്‌ എത്തിയപ്പോഴും, ക്ഷീണം കൊണ്ടായിരിക്കും അവര്‍ രണ്ടു പേരും ഉണര്ന്നിരുന്നില്ല...!!